Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, 5 January 2012

സുഖപ്രസവം

അമ്മേ, കത്തിമുന കാണാതെ പിറക്കുന്ന കുഞ്ഞുങ്ങളാണ് ഭാവിയില്‍ കത്തിമുനകളില്‍ ജീവിക്കേണ്ടി വരുന്നതെന്ന് അനുഭവം കൊണ്ടും അവലോകനം കൊണ്ടും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ആയതിനാല്‍, സകല സന്താനങ്ങളെയും മരാളചര്‍മ്മങ്ങള്‍ പിളര്‍ന്നു പുറത്തെടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഇടുക്കുചാലുകളില്‍ ഉടക്കാതെ, മുതുതീണ്ടാരിക്കുണ്ടങ്ങളില്‍ ചാടാതെ, കൊടിചുറ്റുകള്‍ക്ക് കഴുത്തുകൊടുക്കാതെ, മണ്ട മടമ്പാക്കാതെ, പത്തുതികഞ്ഞ പീതതൊള്ളകള്‍ ചെവി കീറാതെ, ഗുഹാമുഖങ്ങളില്‍ കാല്‍വഴുതി കണ്ണില്‍ ഗോത്രപ്പക എരിയാതെ, കത്തിമുനയില്‍ വേണം കുഞ്ഞുങ്ങളോരോന്നും പിറക്കുവാന്‍.. ..  മൂപ്പ് പോരാത്ത ചുവന്ന റൊട്ടിതുണ്ടങ്ങളെ പുകയില്ലാ അടുപ്പുകളില്‍ ബേക്ക് ചെയ്തെടുത്താല്‍ മതിയാകും.

അമ്മമാരുടെ സുഖപ്രസവങ്ങള്‍  പിന്നീടു ഉണ്ണികള്‍ക്ക് അസുഖകരസ്വപ്നങ്ങളായി പരിണമിക്കുന്നു. പാമ്പുകള്‍ പുളക്കുന്ന വീഞ്ഞുപാത്രങ്ങളും മിസ്സൈലുകള്‍ പറക്കുന്ന ആകാശചെരുവുകളും പെണ്‍കുഞ്ഞുങ്ങളെ പെര്‍വെര്‍ട്ടുകള്‍ ആക്കുന്നു. പാവം പാവം ആണ്‍കുഞ്ഞുങ്ങള്‍ ശാലോം താഴ്വാരങ്ങളിലും ശബരിമലകളിലും ദൈവങ്ങളുടെ സ്വന്തം ആട്ടിടയന്മാര്‍, ഗോപാലകന്മാര്‍.
.  ജാഗരത്തിലും സുപ്തിയിലും പാല്‍ ചുരത്തുന്ന മാടുകള്‍ അവര്‍ക്ക് സ്വന്തം. എന്നിട്ടും വെയില്‍ കൊണ്ട് കറുത്ത അവരുടെ പുറംതൊലി നോക്കി സുഖപ്രസവവിദഗ്ധകള്‍ കണ്ണ് കലക്കുന്നു. അത് നോക്കി അശ്രീകരപ്പെണ്ണുങ്ങള്‍ ഒരു ഫാലിക് ആക്രമണത്തിന്റെ പകയോടെ പുട്ട്കുറ്റികള്‍ക്ക് കീഴെ തവിക്കണകള്‍ കുത്തിയിറക്കുന്നു. നാശങ്ങള്‍ !

കത്രികകള്‍ വായ്ത്തലമൂര്‍ച്ചയാല്‍ വെട്ടിയെടുത്ത കുഞ്ഞുടലുകളെ, ആശുപത്രിമുറികളില്‍ നിങ്ങള്ക്ക് സമാധാനം. തുടര്‍ന്ന് മുന്നോട്ടും. എനിക്ക് നിങ്ങളോട് മാത്രമാണ് അസൂയ. ഇന്‍ക്യുബേറ്ററൂകളില്‍ വിരിഞ്ഞ തീപ്പൂക്കളെ, നിങ്ങളുടെതാണ് ഈ ഭൂമിയിലെ വലത്തോട്ട് ചെരിവുള്ള ഉദ്യാനങ്ങള്‍. എന്തൊരു പകയാണന്നോ എനിക്ക് നിങ്ങളോട്. ഇന്‍ഷുറന്‍സ് വീടുകളില്‍ വിപ്ലവം വരാത്തതിനാല്‍, ഇനി ചര്‍ച്ചകളില്ല അസമസ്ഥ സഖാക്കളെ.

കടപ്പാട്: സോഷിയോളോജിക്കും മൂന്ന് സുഖപ്രസവം കൂളായി നടത്തിയ പെറ്റമ്മക്കും.

Friday, 9 September 2011

ചാണകം.



ജംഗലവാസിയായ  അപ്പന്റെയും നെഞ്ചു മൂടാത്ത 
ആയിയുടെയും പത്താമത്തെ  ഉല്‍പ്പന്നം പ്രജാതയായത് ഗോമയം ഉണക്കി സംഭരിച്ച ഒരു ഗംഭീരതൊള്ളത്തിനു സമീപമായിരുന്നു.  ആ സുഗന്ധത്തില്‍ പിറന്നു  വീണ ഉടനെ അവള്‍ ഗീര്‍വ്വാണഭാഷയില്‍ ലക്ഷ്മി എന്നും ഏതദ്ദേശീയ ഗോത്രമനുഷ്യരുടെ അപഭ്രഷ്ടഭാഷയില്‍ ലച്മി എന്നും നാമകരണം ചെയ്യപ്പെട്ടു. 

അവളാകട്ടെ എത്രയും അമലമായ ആദിദ്രാവിഡശോണമഹിമയില്‍ പൈപ്പെണിന്റെ അമേദ്ധ്യത്തേക്കാള്‍ കറുത്തിരുന്നു. മലനാടിന്റെ ചോറുപാത്രത്തില്‍ കുരുമുളക് പോലെ ഒരു കരിമക്കുഞ്ഞു. 

അസ്പൃശ്യഗോത്രവഴിയിലെ  ചെറുകുറുമ ചാണകം തേവിയ സസ്യതണ്ടുകള്‍ ഭക്ഷിച്ചും പൊച്ചത്തേന്‍ കുടിച്ചും ആര്‍ഷദൈവങ്ങള്‍ ഓശാരം ചെയ്ത പേയിവെളുപ്പുള്ള കുട്ടികള്‍ കരുംപല്ലുകള്‍ കാട്ടിചിരിച്ചു. വെണ്മണി മുറുവലുകള്‍ കൊണ്ടു അവള്‍ മറുചിരി ചിരിച്ചു. തന്‍നാട് പെണ്‍ജാതിയുടെ മനസ്സുപോലെ വെളുത്ത പല്ലുകള്‍. 

പെരുമാട്ടി ദൈവത്താന്‍കോട്ടത്തറ മെഴുക്കിനു ചൂരുള്ള മലവും വെണ്ണമധുരത്തിന് മഞ്ഞുപാലും ചുരത്തുന്ന, ആരുടെയോ(?) ആസ്തിനിലങ്ങളില്‍ മേഞ്ഞുനടക്കുന്ന ഒരു ഭൂതത്തിപ്പശു.

അവളുടെ കൊട്ടാരം കടന്നു പോകുന്നവര്‍ മൂക്ക് പൊത്തി. അതിനോടകം അന്ധരായിരുന്നതിനാല്‍ കണ്ണുകള്‍ പൊത്തേണ്ട എന്ന് ആശ്വസിക്കുകയും ചെയ്തു. 
 കുളവും കിണറും ഉപ്പുപാല്‍ത്തിരകള്‍ ഒളിപ്പിക്കാന്‍ തുടങ്ങിയതിന്റെ നാലാം വര്‍ഷം,പടുകൂറ്റന്‍ സാമാനവണ്ടിയില്‍ അന്‍പതു ചാക്ക് ചാണകമാണ് അവള്‍ വില ചോദിക്കാതെ കൊടുത്തുവിട്ടത്‌. പാലും കോളയും ഒഴുകുന്ന കാനാന്‍ദേശത്തെ യന്ത്രഗൃഹം  വൈരുധ്യാത്മകത ഏതുമില്ലാതെ അന്ന് ശുദ്ധീകരിക്കപ്പെട്ടു. വിശുദ്ധമൃഗം, വിശുദ്ധവിസ്സര്‍ജ്യം.
 അവളാകട്ടെ  അനിവാര്യമായ വിസ്മൃതിയില്‍ വീണ്ടും ആരുടെയോ(?) ആസ്തിനിലങ്ങളില്‍ പുല്ലുചെത്തിക്കൊണ്ടെയിരുന്നു.

Monday, 8 August 2011

വിശ്വാസപ്രമാണം (റീത്തില്‍ ഇല്ലാത്തത്)


രാഷ്ട്രം , മതം എന്നീ ഗുലുമാലുകളോട് സമദൂരം പ്രഖ്യാപിച്ചു തലസ്ഥാനനഗരിയില്‍  ട്രപ്പീസു കളിച്ച്       ജീവിക്കുകയായിരുന്നു ഏലിയാമ്മസാറാമ്മ (രണ്ടല്ല ഒരു പേരാണ് കേട്ടോ). ഇടയ്ക്കിടെ അച്ചപ്പം, കര്‍ത്താവീശോമിശിഹാ, മധ്യതിരുവിതാംകൂര്‍, ലുത്തിനിയ, പിടി പിടക്കോഴി  എന്നിങ്ങനെ ഭൌതികമായും ആത്മീയമായും (സൗകര്യം പോലെ) നൊസ്റ്റാള്‍ജിക്കും എന്നല്ലാതെ ജാതിവൈരമോ വര്‍ഗ്ഗീയതയോ ടിയാത്തിയുടെ ഇഷ്ടപ്രമേയങ്ങള്‍ ആയിരുന്നില്ല. (ഭിന്നാഭിപ്രായങ്ങള്‍ ട്രപീസു കളിക്കനറിയാത്ത ചില സര്‍ക്കസുകാരുടെതെന്നു ഏലിയാമ്മസാറാമ്മ ഉവാച:)



നല്ല പ്രായത്തില്‍ പ്രത്യയശാസ്ത്ര ബിസ്ക്കറ്റുകള്‍ (എക്സ്പയറി ഡേറ്റ് കഴിഞ്ഞവ എങ്കിലും ) തിന്നു വളര്‍ന്ന ഏലിയാമ്മസാറാമ്മയ്ക്ക് പാലാ, പാലക്കാട്....ആര്‍ട്ട്‌, അന്ത്രോപ്പോളജി...നായര്‍,നസ്രാണി...എന്നിങ്ങനെയുള്ള  ഡയലെക്റ്റിക്കുകള്‍ മനപ്പാ0മായിരുന്നു. എന്നിരുന്നാലും കണ്ണും മൂക്കും നാവും ഇല്ലാത്ത ചിലതിന്‍റെ ദുഷ്പ്രേരണയാല്‍ കഥാനായിക    വേലായുധന്‍ കെ എന്ന വെള്ളപൂശുകാരനെയാണ്  സഖാവാക്കിയത് . (ബ്ലാസ്ഫെമി എന്നല്ലാതെ എന്ത് പറയാന്‍)

ഇതിപ്പോ ഇതിന്റെ ഒരു നിയമവശം അറിയാനാണ് കേസില്ലാവക്കീലായ നമ്മളെ കാണാന്‍ മേല്‍പ്പറഞ്ഞ കക്ഷികള്‍ എത്തിയത്. പുസ്തകം പൊടി തട്ടി എനിക്ക് അല്ലര്‍ജി വന്നു.

ഭാരതീയഭരണഘടന അച്ചിട്ടുറപ്പിക്കുന്ന  വൈയക്തിക നിയമങ്ങള്‍ മതേതരത്വത്തെ ഇല്ലാതാക്കുകയല്ല , മറിച്ചു പിന്തുണയ്ക്കുക ആണ് ചെയ്യുന്നത്. 


ഭാരതത്തിലെ ഹൈന്ദവരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാര്‍സികളും ഒക്കെ തനതു-മത-പ്രചോദിതമായ കുടുംബനിയമങ്ങള്‍ (വിവാഹം, വിവാഹമോചനം, സന്ധാരണം, ദത്ത്), സ്വത്തുനിയമങ്ങള്‍, ആരാധനാലയങ്ങളുടെ ഭരിപ്പ്നിയമങ്ങള്‍ എന്നിവ സന്തോഷ-സമാധാനത്തോടെ പാലിച്ചു പോരുന്നു. മിശ്രവിവാഹം വേണ്ടവര്‍ക്കായി സവിശേഷ വിവാഹ നടപടികള്‍ വേറെയും.... കേസില്ലാവക്കീല്‍ (അഥവാ ഞാന്‍) വികാരാധീനനായി. 

വ്യക്തിനിയമങ്ങളിലെ  ബാഹുല്യം കതാനമായ,പ്രാദേശിക-ഭരണ,കുറ്റകൃത്യ,വാണിജ്യ നിയമങ്ങള്ക്കൊപ്പം നിലനില്‍ക്കുന്നു, പൌരന്‍മാരെ സന്തോഷിപ്പിച്ചു കൊള്ളുന്നു/ കൊല്ലുന്നു. ഞാന്‍ ഉപസംഹരിച്ചു. 

വാല്കക്ഷണം1: തിയറിയില്‍ ഞാന്‍ പുലിയാണ്. പ്രാക്ടീസ് എനിക്ക് പുല്ലാണ്. എന്‍റെ ജ്ഞാപകചാതുര്യം അതിഭയങ്കരം. ഞാന്‍ പറയുന്നത് ഒക്കെയും സത്യമാണ്. ഓള്‍ ഈസ്‌ വെല്‍ വിത്ത്‌ ദി വേള്‍ഡ്...സംശയം ഉണ്ടെങ്കില്‍ രണ്ടു പുസ്തകം വാങ്ങി വായിക്കു ഹേ...


വാല്കക്ഷണം 2 സ്നാനപ്പെട്ടവള്‍ക്ക് അമ്പലത്തില്‍ കയറാമോ എന്ന് ഏലിയാമ്മസാറാമ്മ സഖാവിനോട് ചെവിയില്‍ ചോദിക്കുകയുണ്ടായി. ഞാന്‍ അത് കേട്ടതായി നടിച്ചില്ല. 

Friday, 5 August 2011

ഫൂട്ട് ലൂസ്

അസംഘടിത മേഖല എന്ന് പറയുന്നത് വ്യാവസായിക രൂപാന്തരീകരണത്തിന്റെ ആദ്യഘട്ടത്തില്ഉത്ഭവിക്കുന്ന ഒന്നാണെന്നും , പിന്നീട് വാണിജ്യവത്ക്കരണം, വ്യവസായവത്ക്കരണം എന്നിവയില്‍ നിന്നും പ്രാപ്യമാകുന്ന ദ്രവ്യലാഭങ്ങളുടെ ഏകീകരണഫലമായി  മേഖല അപ്രത്യക്ഷമാകും എന്നും ഒരു ക്രമീകൃത വ്യവസായ മേഖലയ്ക്കു രൂപം കൊടുക്കും എന്നും ഉള്ള പൊതുധനശാസ്ത്ര മതം ഞാന്‍ ഉരുവിട്ട് പഠിച്ചതാണ് പല തവണ.

അത് ശരിയല്ല എന്ന് പറഞ്ഞു തന്നു ,ഉച്ച വെയിലത്ത്‌ ആടിനെ മേയ്ച്ചു കൊണ്ടു പോയ   ഫൂട്ട് ലൂസ് ചേട്ടന്‍  . കക്ഷി പുലിയാണ്, ദളിതനാണ്, ഉത്തരേന്ത്യന്‍ നഗരവാസിയാണ് (പത്തനം ആറു മാസം, കൊഞ്ഞനം ആറു മാസം)...

പാശ്ചാത്യ നാടുകളെപ്പോലെയല്ല മുതലാളിത്തം വൈകിയ ഭാരതം , ചേട്ടന്‍ മൊഴിഞ്ഞുജനപ്പെരുപ്പം(കോണ്ടം വില്‍ക്കുന്ന ആയിരക്കണക്കിന് അസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടു കൂടി ) ആണത്രേ പിന്നോക്ക, അവികസിത രാജ്യത്ത് അസംഘടിത മേഖല, ഫൂട്ട് ലൂസ് കര്‍മ്മകരന്‍മാര്‍ എന്നിവരെ സൃഷ്ടിച്ചു- പാലിച്ചു  കൊണ്ടിരിക്കുന്നത്...


 നവ ലിബറലിസം എന്ന സാമ്പത്തികനയമാതൃക തൊഴില്ചന്തയുടെ അനൗപചാരികസ്വഭാവത്തിനും യൗക്തികരീതികള്‍ക്കും സഭ്യത കൂട്ടിക്കൊടുക്കുന്ന പിമ്പ്  ആവുന്നു, ആട് മോങ്ങി. സംഘടിത മേഖലയില്പോലും നവ ലിബറലിസം സ്ഥിര കര്‍മ്മകരന്‍മാരെ ചവിട്ടിപുറത്താക്കി  'ഒപ്പന്തകര്‍മ്മകരന്‍മാരെ വാതില്‍ തുറന്നു വിളിച്ചു കേറ്റുന്നു.


 അനൗപചാരിക അസംഘടിതത്വം ആണത്രേ ഫൂട്ട് ലൂസ് കര്‍മ്മകരന്റെ ഇടതു(?) കാല്‍ ഒടിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു നവ ലിബറല്‍ ഭരണക്രമത്തില്‍ ,ഉത്പാദന, വിതരണ വ്യവസ്ഥകളുടെ വരേണ്യ ഘടകകക്ഷി  മൂലധന ഉപചയം തന്നെയാണ്. എത്ര സരളം.



ഫൂട്ട് ലൂസ് ചേട്ടനോട് 'ഇന്ന് വീട്ടിലേക്കു പാല് വേണ്ട" എന്ന് മൊഴിഞ്ഞു ഞാന്‍ ഒരു കോള കുടിക്കാന്‍ ചിയാപാസ് ചന്തയിലേക്ക് നടന്നു.