Monday 8 August 2011

വിശ്വാസപ്രമാണം (റീത്തില്‍ ഇല്ലാത്തത്)


രാഷ്ട്രം , മതം എന്നീ ഗുലുമാലുകളോട് സമദൂരം പ്രഖ്യാപിച്ചു തലസ്ഥാനനഗരിയില്‍  ട്രപ്പീസു കളിച്ച്       ജീവിക്കുകയായിരുന്നു ഏലിയാമ്മസാറാമ്മ (രണ്ടല്ല ഒരു പേരാണ് കേട്ടോ). ഇടയ്ക്കിടെ അച്ചപ്പം, കര്‍ത്താവീശോമിശിഹാ, മധ്യതിരുവിതാംകൂര്‍, ലുത്തിനിയ, പിടി പിടക്കോഴി  എന്നിങ്ങനെ ഭൌതികമായും ആത്മീയമായും (സൗകര്യം പോലെ) നൊസ്റ്റാള്‍ജിക്കും എന്നല്ലാതെ ജാതിവൈരമോ വര്‍ഗ്ഗീയതയോ ടിയാത്തിയുടെ ഇഷ്ടപ്രമേയങ്ങള്‍ ആയിരുന്നില്ല. (ഭിന്നാഭിപ്രായങ്ങള്‍ ട്രപീസു കളിക്കനറിയാത്ത ചില സര്‍ക്കസുകാരുടെതെന്നു ഏലിയാമ്മസാറാമ്മ ഉവാച:)



നല്ല പ്രായത്തില്‍ പ്രത്യയശാസ്ത്ര ബിസ്ക്കറ്റുകള്‍ (എക്സ്പയറി ഡേറ്റ് കഴിഞ്ഞവ എങ്കിലും ) തിന്നു വളര്‍ന്ന ഏലിയാമ്മസാറാമ്മയ്ക്ക് പാലാ, പാലക്കാട്....ആര്‍ട്ട്‌, അന്ത്രോപ്പോളജി...നായര്‍,നസ്രാണി...എന്നിങ്ങനെയുള്ള  ഡയലെക്റ്റിക്കുകള്‍ മനപ്പാ0മായിരുന്നു. എന്നിരുന്നാലും കണ്ണും മൂക്കും നാവും ഇല്ലാത്ത ചിലതിന്‍റെ ദുഷ്പ്രേരണയാല്‍ കഥാനായിക    വേലായുധന്‍ കെ എന്ന വെള്ളപൂശുകാരനെയാണ്  സഖാവാക്കിയത് . (ബ്ലാസ്ഫെമി എന്നല്ലാതെ എന്ത് പറയാന്‍)

ഇതിപ്പോ ഇതിന്റെ ഒരു നിയമവശം അറിയാനാണ് കേസില്ലാവക്കീലായ നമ്മളെ കാണാന്‍ മേല്‍പ്പറഞ്ഞ കക്ഷികള്‍ എത്തിയത്. പുസ്തകം പൊടി തട്ടി എനിക്ക് അല്ലര്‍ജി വന്നു.

ഭാരതീയഭരണഘടന അച്ചിട്ടുറപ്പിക്കുന്ന  വൈയക്തിക നിയമങ്ങള്‍ മതേതരത്വത്തെ ഇല്ലാതാക്കുകയല്ല , മറിച്ചു പിന്തുണയ്ക്കുക ആണ് ചെയ്യുന്നത്. 


ഭാരതത്തിലെ ഹൈന്ദവരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാര്‍സികളും ഒക്കെ തനതു-മത-പ്രചോദിതമായ കുടുംബനിയമങ്ങള്‍ (വിവാഹം, വിവാഹമോചനം, സന്ധാരണം, ദത്ത്), സ്വത്തുനിയമങ്ങള്‍, ആരാധനാലയങ്ങളുടെ ഭരിപ്പ്നിയമങ്ങള്‍ എന്നിവ സന്തോഷ-സമാധാനത്തോടെ പാലിച്ചു പോരുന്നു. മിശ്രവിവാഹം വേണ്ടവര്‍ക്കായി സവിശേഷ വിവാഹ നടപടികള്‍ വേറെയും.... കേസില്ലാവക്കീല്‍ (അഥവാ ഞാന്‍) വികാരാധീനനായി. 

വ്യക്തിനിയമങ്ങളിലെ  ബാഹുല്യം കതാനമായ,പ്രാദേശിക-ഭരണ,കുറ്റകൃത്യ,വാണിജ്യ നിയമങ്ങള്ക്കൊപ്പം നിലനില്‍ക്കുന്നു, പൌരന്‍മാരെ സന്തോഷിപ്പിച്ചു കൊള്ളുന്നു/ കൊല്ലുന്നു. ഞാന്‍ ഉപസംഹരിച്ചു. 

വാല്കക്ഷണം1: തിയറിയില്‍ ഞാന്‍ പുലിയാണ്. പ്രാക്ടീസ് എനിക്ക് പുല്ലാണ്. എന്‍റെ ജ്ഞാപകചാതുര്യം അതിഭയങ്കരം. ഞാന്‍ പറയുന്നത് ഒക്കെയും സത്യമാണ്. ഓള്‍ ഈസ്‌ വെല്‍ വിത്ത്‌ ദി വേള്‍ഡ്...സംശയം ഉണ്ടെങ്കില്‍ രണ്ടു പുസ്തകം വാങ്ങി വായിക്കു ഹേ...


വാല്കക്ഷണം 2 സ്നാനപ്പെട്ടവള്‍ക്ക് അമ്പലത്തില്‍ കയറാമോ എന്ന് ഏലിയാമ്മസാറാമ്മ സഖാവിനോട് ചെവിയില്‍ ചോദിക്കുകയുണ്ടായി. ഞാന്‍ അത് കേട്ടതായി നടിച്ചില്ല. 

2 comments:

  1. eliyamma saramma velayudhan ennu thotta niskarikkan thudangiyathu?! Ambalathil oru sayana pradhakshinavum nenthrakula nerchayum nadathiyaal ella bhrashttum maarum!!

    ReplyDelete