Monday, 7 January 2013

എന്റെ പച്ച കൊണ്ടാണ് ഞാന്‍ അവനെ കുത്തിയത് !

മുഖം നിറയെ 
ചോരയൊലിപ്പിച്ച് 
ഒരു ബീജം 
ഇതുവഴി കടന്നുപോയോ ?

അത്രയും സുന്ദരമായ 
ഒരു വിഷാദത്തെയൊ 
അത്രയും മധുരതരമായ
ഒരു വിലാപത്തെയോ
നിങ്ങള്‍ ഇതിനു മുന്പ്
കണ്ടിരിക്കില്ല.

ഒരുപക്ഷേ , അതിനെ കണ്ടപ്പോള്‍
നിങ്ങള്‍ തെറ്റിധരിച്ചിരിക്കുക,
അത്, മുക്തഛന്ദസ്സില്
നിന്നടര്‍ന്നു വീണ
ഒരു വാക്കോ,
കൊന്തയില്‍ നിന്നൂര്‍ന്നുപോയ
ഒരു മണിയോ,
മാതലപ്പഴത്തില്‍ നിന്നും കൊഴിഞ്ഞ
ഒരു കുരുവോ,
ആണെന്നായിരിക്കും.

ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക്
ഒരു നാടുകടത്തപ്പെട്ടവന്റെ ഛായയാണ് .
മരുഭൂമികളുടെയോ വരണ്ട
പ്രദേശങ്ങളുടെയോ മണമാണ്.
ജീവിച്ചിരുന്നപ്പോള്‍ത്തന്നെ
മരണാനന്തരമായ ശബ്ദമായിരുന്നു
അതിന്റേത്.
ഒരു തേറ്റയുടെ അറ്റത്ത്
അവസാനം വരെ
വീഴാതെ പിടിച്ചു നിന്ന
ഒരു രക്തത്തുള്ളിയുടെ
രൂപമായിരുന്നു.
രുചി...ഒരുപക്ഷേ
രുചി മാത്രമാണ്
അതിനില്ലാതിരുന്നത് .

ശവസംസ്കാരം പോലെ
വലിയ വൈവിധ്യങ്ങള്‍ക്ക്
സാധ്യതയില്ലാത്ത
ബന്ധമായിരുന്നു ഞങ്ങളുടേത് .
ഒരു പക്ഷിക്ക് തീറ്റയെന്ന് കരുതി
കൊത്തിത്തിന്നാന്‍ മാത്രം
ലളിതമായിരുന്നു അവന്‍.
എന്റെ ദുഗ്ദ്ധമായിരുന്നു
അവന്റെ രക്തം.
അവനെ ഉപേക്ഷിക്കാനുള്ള
അവകാശം എന്റേത് മാത്രമായിരുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്
ഇത്രയും ആണ്.
നിങ്ങളില്‍ ആരെങ്കിലും അതിനെ
വഴിയില്‍ എവിടെയെങ്കിലും വച്ച് കണ്ടാല്‍
ഇത്രമാത്രം ഓര്‍മിക്കുക.
അത് എന്റെ മാത്രം ഇരയാണ് .
അതില്‍ പച്ചകുത്തിയിരിക്കുന്ന പേര്
എന്റേതാണ്.

4 comments:

  1. വഴിയിൽ വച്ച് കണ്ടിരുന്നൂ..അതിൽ പച്ചകുത്തിയിരിക്കുന്നതും കണ്ടൂ..ഒരു നാടുകടത്തപ്പെട്ടവന്റെ ഛായയാണ് അവനു...പ്രതീകാത്മകത ഇഷ്ടപ്പെട്ടൂ...വരികളും... മാതലപ്പഴത്തില്‍(മാതളപ്പഴത്തിൽ) നല്ല കവിതക്ക് നമസ്കാരം...

    ReplyDelete
  2. അതിമനോഹരമായ പദാവലികളാലും , ബിംബകൽപ്പനകളാലും സമ്പന്നമാക്കിയ ഈ കവിതയുടെ വായന തന്നതിന് എഴുത്തുകാരിയെ നമസ്കരിക്കുന്നു.

    ReplyDelete
  3. മറ്റെന്തു പറയാൻ..മനോഹരം മനോഹരം മനോഹരം..

    കമന്റ് വെരിഫിക്കേഷൻ മാറ്റുന്നത് നന്നായിരിക്കും

    ReplyDelete
  4. നല്ല എഴുത്ത്... വ്യത്യസ്തമായ ചിന്തകൾ... (y)

    ReplyDelete